09:27am 11 November 2026
NEWS
കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കും: ഡി. രാജ
11/09/2025  09:12 AM IST
ന്യൂസ് ബ്യൂറോ
കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കും: ഡി. രാജ

ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി. രാജ.
​ഇന്ത്യയിൽ സി.പി.ഐക്ക് ഏറ്റവും ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലും തിരിച്ചുവരവിൻ്റെ സൂചനകൾ കാണുന്നുണ്ടെങ്കിലും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. വിപ്ലവകരമായ മാറ്റങ്ങൾക്കായി പാർട്ടി കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

​ബി.ജെ.പി രാജ്യത്തെ ഒരു ഫാസിസ്റ്റ്, മത രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും ജാതിയുടെയും മതത്തിൻ്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും രാജ കുറ്റപ്പെടുത്തി. ആർ.എസ്.എസിൻ്റെ രാഷ്ട്രീയ മുഖമാണ് ബി.ജെ.പി. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആർ.എസ്.എസ് ആശയം നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒരു പാർട്ടി മാത്രമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്നിട്ടും 'മോദി ഗ്യാരണ്ടി' എന്ന പേരിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
​പാർലമെൻ്ററി ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് ചെറുതാണെങ്കിലും, ഇടത് ഐക്യം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പോഷക സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തി "ഇടതുപക്ഷം കേരളത്തിന്റെ പരിചയാണ്" എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കണം. കൂടുതൽ ആത്മവിശ്വാസം നൽകുന്ന തീരുമാനങ്ങൾ സമ്മേളനത്തിലുണ്ടാകണമെന്നും രാജ കൂട്ടിച്ചേർത്തു.

​ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ. നാരായണ, രാമകൃഷ്ണ പാണ്ഡെ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ, പി. സന്തോഷ് കുമാർ എം.പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ ടി.ജെ. ആഞ്ചലോസ് സ്വാഗതം പറഞ്ഞു. വലിയ ചുടുകാട്ടിൽ നിന്ന് 100 അത്‌ലറ്റുകളുടെ അകമ്പടിയോടെ കൊണ്ടുവന്ന ദീപശിഖ ബിനോയ് വിശ്വം ഏറ്റുവാങ്ങി. കെ.ആർ. ചന്ദ്രമോഹൻ പതാക ഉയർത്തി.

​സന്തോഷം പങ്കുവെച്ച് സി. ദിവാകരനും പന്ന്യൻ രവീന്ദ്രനും

​പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായി മുതിർന്ന നേതാക്കളായ സി. ദിവാകരനും പന്ന്യൻ രവീന്ദ്രനും എത്തി. എന്നാൽ, ഔദ്യോഗിക പക്ഷവുമായി അകൽച്ചയിലുള്ള കെ.ഇ. ഇസ്മായിൽ ചടങ്ങിൽ പങ്കെടുത്തില്ല. പ്രസംഗം കഴിഞ്ഞ ഉടൻ തന്നെ ഡി. രാജ വേദിയിൽ നിന്ന് ഇറങ്ങിവന്ന് സി. ദിവാകരനെ ആലിംഗനം ചെയ്തു. ഇരുവരും കുശലം പറയുകയും മറ്റു ചില മുതിർന്ന നേതാക്കൾ ഈ കൂട്ടായ്മയിൽ ചേരുകയും ചെയ്തു. പന്ന്യൻ രവീന്ദ്രൻ വേദിയിൽ തന്നെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.